കുട്ടികളും ലോക്ഡൗണും
May 27, 2020 7:53 amകഴിഞ്ഞ കുറച്ചു മാസങ്ങളായി നമ്മുടെ കുട്ടികൾ വീടുകളിൽത്തന്നെ കഴിയുകയാണല്ലോ. സ്കൂളുകളിൽ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുമെങ്കിലും കുട്ടികൾക്ക് ഇനിയും പുറത്ത് ഇറങ്ങാനുള്ള അവസ്ഥ ആയിട്ടില്ല. പ്രത്യേകിച്ചും റിവേഴ്സ് ക്വറെന്റെയിനിലേക്കു നാം പോകുമ്പോൾ കുറച്ചു കാലം കൂടി കുട്ടികൾ വീട്ടിൽ ഇരിക്കേണ്ടി വരും എന്നാണ് നിലവിലെ അവസ്ഥയിൽ മനസിലാവുന്നത്. ഇത് ഹൈപ്പർ ആക്ടിവിറ്റിയുള്ള കുട്ടികളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
കുട്ടികൾക്ക് പൊതുവായ് ഏർപ്പെടുത്തുന്ന ADHD ട്രീറ്റ്മെന്റിൽ ഔട്ട് ഡോർ ആക്ടിവിറ്റികൾക്ക് വല്യ പങ്കുണ്ട്. അതില്ലാതെ വരുമ്പോൾ പലപ്പോഴും ഹൈപ്പർ ആക്ടിവിറ്റി നിയന്ത്രണാതീതമാകും. സ്കൂളിൽ പോക്ക് ഇല്ലാതാവുന്നതോടെയുള്ള ബോറടി മിക്ക കുഞ്ഞുങ്ങളിലും ചെറിയ തോതിലെങ്കിലും ഹൈപ്പർ ആക്ടിവിറ്റി ഉണ്ടാക്കാൻ സാധ്യതയുണ്ട്.
എന്നാൽ അല്പം ഒന്ന് ശ്രമിച്ചാൽ വീടുകളിൽ വെച്ച് തന്നെ രക്ഷിതാക്കൾക്ക് കുട്ടികളെ മാനേജ് ചെയ്യാൻ സാധിക്കും . അതിനുള്ള ചില ചെറിയ ആക്ടിവിറ്റികൾ താഴെ കൊടുക്കുന്നു.
2- 4 വയസ്സുള്ള പ്രീസ്കൂൾ കുഞ്ഞുങ്ങൾക്ക്
- പാറ്റേണുകൾ വരക്കാൻ കൊടുക്കാം
- കളിപ്പാട്ടങ്ങൾ തരം തിരിച്ച് വെക്കാൻ പറയാം
- കറിവേപ്പില, മുരിങ്ങയില ഇതൊക്കെ അടർത്താൻ സഹായം തേടാം
- ന്യൂസ് പേപ്പറുകൾ ചെറിയ കഷ്ണങ്ങളാക്കാൻ പറയുക
4 – 8 വയസ്സുള്ള കുഞ്ഞുങ്ങൾക്ക്
- ഉള്ളി പൊളിക്കാനും വെളുത്തുള്ളി പൊളിക്കാനുമൊക്കെ ആവശ്യപ്പെടുക
- ദിവസവും 5 വാക്കുകളുടെ സ്പെല്ലിംഗ് പഠിപ്പിക്കുക
- ന്യൂസ് പേപ്പർ എടുത്ത് വച്ച് ഏതെങ്കിലും ഒരു അക്ഷരം പറഞ്ഞിട്ട് അതു ഒരോ പാരഗ്രാഫിലും എവിടെയൊക്കെയുണ്ടെന്ന് കണ്ടു പിടിച്ച് അടയാളപ്പെടുത്താൻ പറയുക
- മെഴുക്കുപ്പുരട്ടിക്കായ് അച്ചിങ്ങപ്പയർ ഒടിക്കാനും ചീരതണ്ട് നുറുക്കാനുമൊക്കെ കൂടെക്കൂട്ടാം
- നെത്തോലി മീൻ നന്നാക്കാൻ കൊടുക്കാം
8 – 12 വയസ്സുള്ളവർക്ക്
- ചെറിയ പാചക കാര്യങ്ങളിൽ കൂട്ടാളിയാക്കാം
- ന്യൂസോ കഥയോ എന്തെങ്കിലും വായിച്ച് അതിൽ നിന്ന് മനസ്സിലായത് പറഞ്ഞു തരാൻ ആവശ്യപ്പെടാം
- പച്ചക്കറി നുറുക്കാനും കത്രിക ഉപയോഗിച്ച് അയല പോലുള്ള ചെതുമ്പൽ ഇല്ലാത്ത മീനുകൾ നന്നാക്കാനും പറയാം
- വീടു വൃത്തിയാക്കാനും തുണി അലക്കാനും പാത്രം കഴുകാനും സഹായം തേടാം
5.ഗുണനപട്ടികയും കവിതകളും ഓർമ്മിക്കാൻ ഈ സമയം ഉപയോഗിക്കാം
12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക്
- മുതിർന്നവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും എല്ലാ വിധ ഉത്തരവാദിത്വത്തോടെ ചെയ്യാനും അവരെ പ്രേരിപ്പിക്കുക
- യൂടുബിലും മറ്റും നോക്കി ചെറിയ പാചകങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കുക
- ചെറിയ തയ്യൽ ജോലികൾ എമ്പ്രോയിഡറി തുടങ്ങിയവ ചെയ്യാൻ പറയുക ഇതിനൊക്കെ സഹായിക്കുന്ന ആപ്പുകളും മറ്റും നെറ്റിൽ ലഭ്യമാണ്
4.അതു പോലെ നെറ്റിൽ നോക്കി ചെറിയ ക്രാഫ്റ്റ് വർക്കുകൾ പരീക്ഷിക്കാം
ഇനി പൊതുവേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
*കുഞ്ഞുങ്ങളുടെ താൽപര്യം ഏതു മേഖയിലാണെന്ന് തിരിച്ചറിയാൻ നമുക്കീ കാലം ഉപയോഗിക്കാം
*അതു വഴി ആ മേഖലയിൽ കൂടുതൽ പരിശീലനം നൽകാൻ നമുക്ക് ശ്രമിക്കാം ഉദാഹരണത്തിനു നെറ്റിൽ ലഭ്യമാകുന്ന പല ട്യൂട്ടോറിയൽ ആപ്പ് ഉപയോഗിച്ചും മ്യൂസിക്കൽ ഇൻസ്ട്രമെന്റ്സ് പഠിക്കാനും ചിത്രകല അഭ്യാസിക്കാനും എന്തിനു സ്പെല്ലിംഗ് പഠിക്കാൻ വരെ നമുക്ക് കഴിയും
അപ്പോൾ നമുക്ക് തുടങ്ങാം..അവർക്കായ് നല്ലൊരു കാലം ഒരുക്കാം
അഞ്ജു മിനേഷ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്
ഋതു സെന്റർ ഫോർ സൈക്കോളജിക്കൽ വെൽനെസ്സ്